03-09-2024
തിരുവനന്തപുരം: നബിദിനാചരണത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനബി: ജീവിതം, ദര്‍ശനം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന് തുടക്കമായി. ഇന്നലെ വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്‌ക്ലബ് ടി എന്‍ ജി ഹാളില്‍ നടന്ന ക്യാമ്പയിന്‍ പ്രഖ്യാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രവാചക സന്ദേശങ്ങള്‍ എക്കാലത്തും പ്രസക്തമാണെന്ന് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി പറഞ്ഞു. ആനുകാലിക സംഭവ വികാസങ്ങളിലൂടെ ഇസ്‌ലാമിന്റെ പ്രഖ്യാപനങ്ങള്‍ പുലര്‍ന്ന് കാണുകയാണ്. ഇവിടെയാണ് തിരുനബിയുടെ സന്ദേശങ്ങള്‍ ലോകത്തിന്റെ നിലനില്‍പ്പിനും രാജ്യത്തിന്റെ ഭദ്രതക്കും വിജയത്തിനുമാണെന്ന് ബോധ്യപ്പെടുന്നത്. മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ എല്ലാവരിലേക്കുമെത്തിക്കുകയെന്നതാണ് കേരള മുസ്‌ലിം ജമാഅത്ത് മീലാദ് ക്യാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പ്രവാചക തിരുമേനിയുടെ ജീവിതം ദര്‍ശനമെന്ന ശീര്‍ശകത്തിലായിരിക്കും മീലാദ് ക്യാമ്പയിന്‍ നടത്തുക. ഈ സന്ദേശം സജീവമാക്കേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും നാനോന്മുഖ പുരോഗത്തിക്ക് അനിവാര്യമാണെന്നും സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഗ്രാാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് മുഖ്യാതിഥിയായി പങ്കെടുത്തു. നമുക്ക് ചുറ്റുമുള്ള ഒരോ കാര്യത്തിനും വൈജ്ഞാനികമായ വിശകലനം നല്‍കി പഠിക്കണമെന്ന് ഓര്‍മിപ്പിച്ച മതമാണ് ഇസ്‌ലാമെന്ന് ജി എസ് പ്രദീപ് പറഞ്ഞു. മനുഷ്യന്‍ എന്ന വാക്ക് ഏകവചനമല്ല എന്നാണ് ഇസ്ലാം പറയുന്നത്. കേരള മുസ്‌ലിം ജമാഅത്തിന് വര്‍ത്തമാന കാലത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ജി എസ് പ്രദീപ് പറഞ്ഞു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദീന്‍ ഹാജി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം അബ്ദുറഹ്മാന്‍ സഖാഫി വിഴിഞ്ഞം, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം, ഹൈദ്രോസ് ഹാജി എറണാകുളം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ് സിയാദ്, അബുല്‍ ഹസന്‍ വഴിമുക്ക്, ജാബിര്‍ ഫാളിലി, മുഹമ്മദ് ശെരീഫ് സഖാഫി, ഹുസൈന്‍ മദനി, സാബിര്‍ സൈനി, മുഹമ്മദ് ഷാഫി സംബന്ധിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സി പി സെയ്തലവി ചെങ്ങര സ്വാഗതവും സംഘടാക സമിതി ചെയര്‍മാന്‍ അഡ്വ. കെ എച്ച് എം മുനീര്‍ നന്ദിയും പറഞ്ഞു.
ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നൂറോളം കേന്ദ്രങ്ങളില്‍ പ്രമേയ പ്രഭാഷണങ്ങള്‍, സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്ന സെമിനാറുകള്‍, സൗഹൃദ സദസ്സുകള്‍, പ്രവാചക പ്രകീര്‍ത്തന വേദികള്‍, വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള മീലാദ് ഫെസ്റ്റുകള്‍, സാന്ത്വനജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികള്‍ നടക്കും.