
വേനലവധിക്കാലം ആഹ്ലാദകരമായ അനുഭവമാക്കുന്നതിന് തൈക്കാട് മോഡല്‍ ജി.എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ കിളിക്കൂട്ടം അവധിക്കാല ക്യാമ്പ് ആരംഭിച്ചു. കുട്ടികള്‍ക്ക് ശാരീരിക മാനസിക ഉല്ലാസത്തിനും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ക്യാമ്പ് വേദിയൊരുക്കും.
അഭിനയം, നൃത്തം, സംഗീതം, ചിത്രരചന, സംഗീത വാദ്യോപകരണങ്ങള്‍, വിനോദയാത്ര, യോഗ, കരാട്ടെ, മാജിക്ക്, പരിസ്ഥിതി പരിപാലനം, ഭാഷ, കൃഷി പാഠങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇടപെടാന്‍ ക്യാമ്പില്‍ അവസരമൊരുക്കും. കുട്ടികളുടെ മാനസിക പിരിമുറുക്കം അകറ്റുന്നതിനും ആരോഗ്യ സംരക്ഷണത്തിനും കൗണ്‍സിലിങ്ങിനും പ്രത്യേക സംവിധാനം കിളിക്കൂട്ടം ക്യാമ്പിലുണ്ട്.
'സ്‌നേഹ സൗഹൃദ ബാല്യം' എന്ന സന്ദേശവുമായി നടക്കുന്ന ക്യാമ്പ് മെയ് 25ന് സമാപിക്കും. 7 മുതല്‍ 16 വയസുവരെയുള്ള കുട്ടികളെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകളാക്കി അവരുടെ അഭിരുചി കൂടി പരിഗണിച്ചാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോഡിങ്ങും റോബോട്ടിക്‌സും നിര്‍മിത ബുദ്ധിയുമെല്ലാം പഠിപ്പിക്കും.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍.അരുണ്‍ ഗോപി, വൈസ് പ്രസിഡന്റ് പി.സുമേശന്‍, ജോയിന്റ് സെക്രട്ടറി മീരാ ദര്‍ശക്, കെ.ജയപാല്‍, ഒ.എം. ബാലകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.