28-07-2024
തിരുവനന്തപുരം. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് കാരണം 2022 അടച്ചു പൂട്ടിയ വേളി ക്ലേ ഫാക്ടറി ജൂലൈ 31ന് പ്രവർത്തനം പുനരാരംഭിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ,തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ ,സിഐടിയു യൂണിയൻ പ്രസിഡണ്ട് വികെ പ്രശാന്ത് എംഎൽഎ എന്നിവർ പങ്കെടുത്തു. ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ലിമിറ്റഡ് കമ്പനി മാനേജ്മെൻറ് തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ തൊഴിലാളികളുടെ നിയമനം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്നിവ സംബന്ധിച്ച് തീരുമാനമായി. ഇത് സംബന്ധിച്ച് കരാർ ഉടമ്പടി വച്ചു. യൂണിറ്റിൽ നിലവിലുള്ള 24 ജീവനക്കാരെയും അവർ 2020 ജൂലൈ മാസത്തിൽ വാങ്ങിയ ശമ്പളം പരിരക്ഷിച്ച് പുനർ നിയമിക്കും. 21 തൊഴിലാളികളെ നിശ്ചിത കാലാവധിയിലേക്ക് മൂന്നു വർഷത്തേക്ക് എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ പ്രതിമാസം 35000 നിശ്ചിതപ്പെടുത്തി നിയമിക്കും. മൂന്നുവർഷത്തിനുശേഷം എല്ലാ തൊഴിലാളികളെയും സ്കെയിൽ ഓഫ് പേയിൽ കൊണ്ടുവരും. ജീവനക്കാർക്കും അവരുടെ കുടുംബത്തിനും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും .ഇടതുപക്ഷ സർക്കാരിൻറെ ഭാഗത്തുനിന്നുമുള്ള കാര്യക്ഷമമായ ഇടപെടലിലൂടെയാണ് ഫാക്ടറി തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുങ്ങിയത് എന്ന് സി ഐറ്റിയു യൂണിയൻ പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രശാന്ത് എംഎൽഎയും, ജനറൽസെക്രട്ടറി ക്ലൈനസ് റൊസാരിയേയും പ്രസ്താവനയിൽ അറിയിച്ചു.