20-08-2024
കോഴിക്കോട് : പ്രവാസികൾ കേരളത്തിന്റെ കരുത്തും കരുതലുമാണെന്നും കേരളത്തിൻ്റെ സമഗ്ര പുരോഗതിയിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ച് നിലവിൽ നാട്ടിലും ഗൽഫിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുമായി കഴിഞ്ഞു വരുന്ന മലയാളികളുടെ കൂട്ടായ്മയായ റിയാദ് ഡയസ്പോറയുടെ ആദ്യ സംഗമമായ റി - യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചവരാണ് പ്രവാസി സമൂഹമെന്ന് സംഗമത്തിൻ്റെ ആദ്യ സെഷനിൽ വേദി ഉദ്ഘാടനം ചെയ്ത
അബ്ദു സമദ് സമദാനി എം.പി പറഞ്ഞു.പ്രാവാസിയായ മൂത്ത സഹോദരൻ കുടുംബത്തിന് അത്താണിയായി വർത്തിച്ചതും ഓരോ പ്രാവശ്യവും സഹോദരൻ മടങ്ങിപ്പോകുമ്പോഴും പിതാവ് അനുഭവിച്ച വിങ്ങലിന് സാക്ഷിയായതും പതിറ്റാണ്ടുകൾക്ക് മുമ്പ് വിദേശ നിർമ്മിത പേന സമ്മാനമായി ലഭിച്ചതുമൊക്കെ വിവരിച്ച് പ്രവാസികളുമായുള്ള തൻ്റെ ഇഴയടുപ്പം പങ്കുവെച്ചാണ് അദ്ദേഹം തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യാതിഥിയായി എത്തിയ ഡാേ.എം.കെ. മുനീർ എം.എൽ.എ സംഗമത്തിന് അഭിവാദ്യമർപ്പിച്ച് ഒരു ഗാനവും ആലപിച്ചാണ് മടങ്ങിയത്. ടി.സിദ്ദീഖ് എം.എൽ.എ യും വേദിയിലെത്തി സംഗമത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ വയനാട്ടിലെ ദുരിത ബാധിതരെ ചേർത്ത് പിടിക്കാൻ പ്രവാസി കൂട്ടായ്മകളുടെ സഹകരണവും സഹായവും അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തകരായ ഷിഹാബ് കൊട്ടുകാട്, അഷറഫ് താമരശ്ശേരി എന്നിവരും സംഗമത്തിൽ പങ്കാളികളായി.
കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടന്ന സംഗമത്തിൽ ഡയസ്പോറ ചെയർമാൻ ഷക്കീബ് കൊളക്കാടൻ അധ്യക്ഷത വഹിച്ചു.ചീഫ് കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ ആമുഖ പ്രസംഗം നടത്തി. അഡ്വൈസറി ബോർഡ് ചെയർമാൻ അഷ്റഫ് വേങ്ങാട്ട് റിയാദ് ഡയസ്പോറയുടെ വിഷനും മിഷനും വിശദീകരിച്ചു. ജനറൽ കൺവീനർ നാസർ കാരന്തൂർ സ്വാഗതവും ട്രഷറർ ബാലചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.മുഖ്യ രക്ഷാധികാരി അയൂബ് ഖാൻ, ഈവന്റ് കൺവീനർ ഉബൈദ് എടവണ്ണ, സൗദി കോഡിനേറ്റർ ഷാജി ആലപ്പുഴ , വൈസ് ചെയർമാൻ ആൻഡ് മീഡിയ കൺവീനർ നാസർ കാരക്കുന്ന്,പബ്ലിക് റിലേഷൻ ഹെഡ് ബഷീർ പാങ്ങോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അഡ്വ.അനിൽ ബോസ്, സൂരജ് പാണയിൽ, ടി.എം.അഹമ്മദ് കോയ, എൻ.എം. ശ്രീധരൻ കൂൾടെക്, ഷാജി കുന്നിക്കോട്, ബഷീർ മുസ്ലിയാരകത്ത്, ഡേവിഡ് ലൂക്ക്, മുഹമ്മദ് കുട്ടി പെരിന്തൽമണ്ണ, മജീദ് ചിങ്ങോലി,സലിം കളക്കര, അഡ്വ. സൈനുദ്ദീൻ കൊച്ചി, ഫസൽ റഹ്‌മാൻ, മുഹമ്മദലി മുണ്ടോടൻ, മുഹമ്മദ് അലി വേങ്ങാട്ട്, റാഫി കൊയിലാണ്ടി, അഷറഫ് വടക്കേവിള ,ഷീബ രാമചന്ദ്രൻ, സി.കെ.ഹസ്സൻ കോയ, ഇസ്മാഈൽ എരുമേലി തുടങ്ങി അറുനൂറോളം പ്രതിനിധികളും സമ്മേളനത്തിൻ്റെ ഭാഗമായി. സംഗമത്തിൽ പങ്കെടുത്തവരെ ആസ്വാദനത്തിൻ്റെ ഉത്തുംഗതയിൽ എത്തിച്ച് ഗസൽ ഗായകരായ റാസയും ബീഗവും നയിച്ച ഗസൽ സായാഹ്നത്തോടെയാണ് റിയാദ് ഡയസ്പോറയുടെ ആദ്യ സംഗമത്തിന് തിരശ്ശീല വീണത്.