
ആറ്റുകാൽ പൊങ്കാല സമാപിച്ചതിന് പിന്നാലെ തിരുവനന്തപുരം നഗരത്തെ അതിവേഗം ശുചിത്വപൂർണ്ണമാക്കി നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ. മൂവായിരത്തോളം തൊഴിലാളികൾ രാത്രി വൈകിയും ജോലി ചെയ്ത് എട്ടരയോടെ തന്നെ നഗരത്തിലെ പ്രധാന വീഥികളെല്ലാം വൃത്തിയാക്കി. പൊങ്കാലയ്ക്ക് ശേഷം റോഡുകളിൽ അവശേഷിച്ച മാലിന്യങ്ങൾ നീക്കം ചെയ്തതിനൊപ്പം തന്നെ ഭക്തർ ഉപേക്ഷിച്ചു പോയ ഇഷ്ടികകളും കോർപ്പറേഷൻ ശേഖരിച്ചു. ഇത്തരത്തിൽ ശേഖരിച്ച ഇഷ്ടികകൾ പുത്തരിക്കണ്ടം മൈതാനത്തേക്ക് മാറ്റിയതായും, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇവ ലൈഫ് ഭവന പദ്ധതിയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനായി സൗജന്യമായി നൽകുമെന്നും മേയർ വി.വി. രാജേഷ് അറിയിച്ചു.